15000 രൂപയുടെ മദർ തരേസ സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു

സംസ്ഥാനത്തെ നഴ്സിംങ്ങ് സ്കുളുകളിൽ നഴ്സിംങ് ഡിപ്ലോമ, സർക്കാർ / എയ്ഡഡ്/ സർക്കാർ അംഗീകൃത സ്വാശ്രയ സ്ഥാപനങ്ങളിൽ പാരാമെഡിക്കൽ ഡിപ്ലോമ കോഴ്സുകളിൽ പഠിക്കുന്ന ന്യൂനപക്ഷ മത വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്കായുള്ള മദർ തരേസ സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു.
കേരളത്തിൽ പഠിക്കുന്ന സ്ഥിര താമസക്കാരായ മുസ്ലിം ക്രിസ്ത്യൻ, സിഖ്, ബുദ്ധ, ജൈന പാഴ്സി മത വിഭാഗങ്ങളിൽ പെട്ട വിദ്യാർത്ഥികളാണ് അപേക്ഷിക്കേണ്ടത്. 15000 രൂപയാണ് സ്കോളർഷിപ്പായി ലഭിക്കുക. സർക്കാർ നഴ്സിംഗ് സ്കൂളുകളിൽ നഴ്സിംഗ് ഡിപ്ലോമ പാരാമെഡിക്കൽ ഡിപ്പോമ കോഴ്സുകളിൽ മെറിറ്റ് സീറ്റിൽ പ്രവേശനം ലഭിച്ച വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പിന് അപേക്ഷിക്കാം.
സ്റ്റേറ്റ് മെറിറ്റ് കോട്ടയിലാണ് പ്രവേശനം ലഭിച്ചതെന്ന് തെളിയിക്കുന്നതിന് അലോട്ട്മെന്റ് മെമ്മോ ഹാജറാക്കണം. യോഗ്യത പരീക്ഷയിൽ 45% മാർക്കോ അതിലധികം മാർക്കോ നേടിയിരിക്കണം. ബി പി എൽ അപേക്ഷകരുടെ അഭാവത്തിൽ ന്യൂനപക്ഷ മത വിഭാഗങ്ങളിലെ എട്ട് ലക്ഷം രൂപ വരെ വാർഷിക വരുമാനമുള്ള എ പി എൽ വിഭാഗത്തെയും പരിഗണിക്കും.
ഒന്നാം വർഷം/രണ്ടാം വർഷം/മൂന്നാം വർഷം പഠിക്കുന്നവർക്കും സ്കോളർഷിപ്പിനായി അപേക്ഷിക്കാം. ഒറ്റത്തവണ മാത്രമെ സ്കോളർഷിപ്പ് ലഭിക്കുകയുള്ളൂ. 50 ശതമാനം സ്കോളർഷിപ്പ് പെൺകുട്ടികൾക്കായി സംവരണം ചെയ്തിട്ടുണ്ട്. നിശ്ചിത ശതമാനം പെൺകുട്ടികൾ ഇല്ലാത്ത പക്ഷം അർഹരായ ആൺകുട്ടികൾക്കും സ്കോളർഷിപ്പ് നൽകും. ന്യൂനപക്ഷ വിദ്യാർത്ഥികളെ തിരഞ്ഞെടുക്കുന്നത് കുടുംബ വാർഷിക വരുമാനത്തിന്റെയും മാർക്കിന്റേയും അടിസ്ഥാനത്തിൽ ജനസംഖ്യാനുപാതികമായിട്ടാണ്.
അപേക്ഷകൾക്ക് ഏതെങ്കിലു ഷെഡ്യൂൾഡ് കൊമേഴ്സ്യൽ ബാങ്കിൽ സ്വന്തമായി അക്കൗണ്ട് ഉണ്ടായിരിക്കണം. www.mwd scholarship.kerala.gov.in എന്ന വെബ് സൈറ്റിലെ സ്കോളർഷിപ്പ് മെനു ലിങ്കിലൂടെ ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയ്യതി 2026 ജനുവരി 9. ഓൺലൈൻ അപേക്ഷയുടെ ഫീൽഡുകൾ പൂർണമായി പൂരിപ്പിച്ച് നിർദ്ദിഷ്ട രേഖകൾ പൂർണമായി അപ് ലോഡ് ചെയ്ത് പ്രിന്റൗട്ടും അനുബന്ധ രേഖകളും നിശ്ചിത തിയ്യതിക്കുള്ളിൽ സ്ഥാപന മേധാവിക്ക് സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് 0471 23000523,0471 – 2300524,0471 2302090 എന്ന നമ്പറുകളിൽ ബന്ധപ്പെടാം.



