
തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ അർദ്ധ വാർഷിക പരീക്ഷകളിലുണ്ടായിരുന്ന ആശങ്ക അവസാനിച്ചു.
ഡിസംബർ 13 ന് പരീക്ഷ ആരംഭിച്ച് 23 ന് അവസാനിച്ച് സ്കൂൾ അടക്കും. പരീക്ഷ ഒറ്റഘട്ടമായി നടത്താനാണ് മന്ത്രി വി ശിവൻ കുട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനമായത്.
ജനുവരി 5നായിരിക്കും സ്കൂൾ തുറക്കുക. ഹയർ സെക്കൻഡറി വിഭാഗത്തിലെ ഒന്നോ രണ്ടോ പരീക്ഷകൾ സ്കൂൾ തുറന്ന ശേഷം ജനുവരി 7 ന് നടക്കും.
നേരത്തെ ക്രിസ്മസ് അവധിക്ക് മുൻപും ശേഷവുമായി രണ്ട് ഘട്ടമായി പരീക്ഷ നടത്താനാണ് ആലോചിച്ചിരുന്നതെങ്കിലും കുട്ടികളിലുണ്ടാവുന്ന മാനസിക സമ്മർദ്ദം കണക്കിലെടുത്ത് മന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന യോഗം ആശങ്ക ഒഴിവാക്കുകയായിരുന്നു. വിദ്യാഭ്യാസ ഗുണനിലവാര അവലോകന സമിതി യോഗത്തിൽ അന്തിമ തീരുമാനമുണ്ടാവും.



