പാലിയേയേറ്റീവ് പരിചരണം രോഗാവസ്ഥയുടെ അവസാനം മാത്രമല്ല ഇനി രോഗത്തിന്റെ തുടക്കം മുതൽ : മന്ത്രി കെ മുരളീധരൻ
രോഗാവസ്ഥയുടെ തുടക്കം മുതൽ വീടുകളിലെത്തി പരിചരണം
കേരള സർക്കാരിന്റെ പുതിയ ആരോഗ്യ പദ്ധതി.
തിരുവനന്തപുരം: രോഗാവസ്ഥയുടെ അവസാന ഘട്ടത്തിൽ മാത്രമല്ല, ദീർഘകാല രോഗങ്ങൾ കണ്ടെത്തുന്ന ഘട്ടം മുതൽ തന്നെ പാലിയേറ്റീവ് പരിചരണം നൽകാൻ സാധിക്കുന്ന സംവിധാനം വികസിപ്പിച്ചെടുക്കുകയാണ് ലക്ഷ്യമെന്ന് ആരോഗ്യ മന്ത്രി കെ. മുരളീധരൻ പറഞ്ഞു. സത്യൻ സ്മാരക ഹാളിൽ ലോക പാലിയേറ്റീവ് ദിനാചരണത്തിന്റെ സംസ്ഥാന തല ഉദ്ഘാടനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച രോഗീസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
വീടുകളിലെത്തി രോഗങ്ങൾ കണ്ടുപിടിക്കുന്നതിനുള്ള പരിശോധനകൾ നടത്തുന്ന ‘ഹൃദയരാഗം’ പദ്ധതി ഇടുക്കി, നിലമ്പൂർ, വട്ടിയൂർക്കാവ് നിയോജക മണ്ഡലങ്ങളിൽ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കുകയാണ്. പദ്ധതി വിജയകരമായാൽ 140 നിയോജക മണ്ഡലങ്ങളിലേക്കും വ്യാപിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.
പാലിയേറ്റീവ് പരിചരണം ആവശ്യമുള്ള സംസ്ഥാനത്തെ മുഴുവൻ രോഗികളെയും കണ്ടെത്തുകയാണ് ലക്ഷ്യം. പാലിയേറ്റീവ് പരിചരണത്തിൽ രാജ്യത്തിന് തന്നെ മാതൃകയായ സംസ്ഥാനമാണ് കേരളം എന്നത് ഏറെ അഭിമാനകരമാണ്. ജനകീയ ആരോഗ്യ പ്രവർത്തനമായി പാലിയേറ്റീവ് പരിചരണത്തെ വികസിപ്പിക്കാൻ കഴിഞ്ഞുവെന്നതാണ് കേരളത്തിന്റെ നേട്ടമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ശാരീരിക വിഷമതകൾ കുറയ്ക്കുന്നതോടൊപ്പം രോഗിക്ക് മാനസികവും സാമൂഹികവുമായ പിന്തുണ കൂടി നൽകുന്നുവെന്ന് ഉറപ്പ് വരുത്താൻ നമുക്ക് കഴിയുന്നുണ്ട്. പാലിയേറ്റീവ് പരിചരണം കാരുണ്യ പ്രവർത്തനം മാത്രമല്ല, അവകാശാധിഷ്ഠിതവും ജനകീയവുമായ പ്രവർത്തനമാണ്. പ്രാഥമിക ആരോഗ്യ സംവിധാനത്തെയും പാലിയേറ്റീവ് പരിചരണത്തെയും കൂടുതൽ ശക്തമായി ബന്ധിപ്പിക്കാൻ സാധിക്കണം.
ചെറുപ്പക്കാർ കൂടുതലായി പാലിയേറ്റീവ് രംഗത്തേക്ക് കടന്നുവരുന്നത് സന്തോഷകരമാണ്. എസ്.എസ്.എൽ.സി പാസായവർക്ക് ആരോഗ്യ സർവകലാശാലയിൽ പാലിയേറ്റീവ് പരിചരണത്തിൽ സർട്ടിഫിക്കറ്റ് കോഴ്സ് ഒരുക്കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.